ഗ്രാമസഭ എന്താണ്?
കേരളത്തിൽ ഗ്രാമതലത്തിൽ വികേന്ദ്രീകൃത ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാന ഘടകമായാണ് ഗ്രാമസഭ പ്രവർത്തിക്കുന്നത്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 3 പ്രകാരം ഗ്രാമസഭ രൂപീകരിച്ചിരിക്കുന്നു.
ഒരു പ്രത്യേക ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ (വാർഡ്) താമസിക്കുന്ന രജിസ്റ്റർ ചെയ്ത ഓരോ വോട്ടറും ആ വാർഡിലെ ഗ്രാമസഭയിലെ അംഗമാണ്.
ഭരണഘടനയും അംഗത്വവും
ഗ്രാമപഞ്ചായത്തിലെ ഓരോ നിയോജകമണ്ഡലത്തെയും ഗ്രാമസഭയുടെ ആവശ്യത്തിനായി ഒരു “ഗ്രാമം” ആയി കണക്കാക്കുന്നു.
ഒരു വാർഡിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും ആ ഗ്രാമസഭയിലെ അംഗമാണ്.
യോഗങ്ങളും ക്വാറവും
- ഗ്രാമസഭ കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കലെങ്കിലും യോഗം ചേരണം.
- ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്താണ് യോഗം ചേരുന്നത്.
- കുറഞ്ഞത് 10% അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനുള്ളിൽ പ്രത്യേക യോഗം വിളിക്കണം.
- ഒരു യോഗത്തിന് ആവശ്യമായ ക്വാറം മൊത്തം അംഗങ്ങളുടെ 10% ആണ്.
- ക്വാറം തികയാത്ത സാഹചര്യത്തിൽ മാറ്റിവെച്ച യോഗം കുറഞ്ഞത് 50 അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്താം.
- ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നിയമസഭ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിക്കണം.
ഗ്രാമസഭയുടെ പ്രധാന ശക്തികളും പ്രവർത്തനങ്ങളും
1
വികസനവും ആസൂത്രണവും
ദാരിദ്ര്യ നിർമാർജനത്തിനും ക്ഷേമ പദ്ധതികൾക്കുമായി ഗുണഭോക്താക്കളെ കണ്ടെത്തുകയും പ്രദേശ വികസന പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നു.
2
പൊതുഉപയോഗ സൗകര്യങ്ങൾ
തെരുവ് വിളക്കുകൾ, പൊതുടാപ്പുകൾ, കിണറുകൾ, ശുചിത്വ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള സ്ഥലങ്ങൾ നിർദ്ദേശിക്കുന്നു.
3
ഓഡിറ്റിംഗും നിരീക്ഷണവും
വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗ്യത പരിശോധിക്കുകയും ചെയ്യുന്നു.
4
ആരോഗ്യവും ശുചിത്വവും
ജലവിതരണം, തെരുവ് വിളക്ക്, ശുചിത്വം, മാലിന്യ നിർമാർജനം തുടങ്ങിയ വിഷയങ്ങളിൽ പഞ്ചായത്തുമായി സഹകരിക്കുന്നു.
5
ആദിവാസി ഉപസമിതി
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുറഞ്ഞത് 50 വോട്ടർമാരെങ്കിലും ഉള്ള വാർഡുകളിൽ പ്രത്യേക ഉപസമിതി രൂപീകരിക്കാം.
വകുപ്പ് 3 – ഗ്രാമസഭ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )
(1) ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേക്കായി ഗ്രാമ പഞ്ചായത്തിന്റെ ഓരോ നിയോജകമണ്ഡലവും 243-ാം അനുച്ഛേദം (ജി) ഖണ്ഡത്തിൻ കീഴിൽ ഒരു ഗ്രാമമായി നിർദ്ദേശിക്കാവുന്നതാണ്.
(2) ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്ന് അപ്രകാരമുള്ള ഗ്രാമത്തിന്റെ ഗ്രാമസഭ രൂപീകൃതമായതായി കരുതപ്പെടേണ്ടതാണ്.
(3) ഗ്രാമസഭ, കുറഞ്ഞപക്ഷം മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാമസഭയുടെ കൺവീനർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി കൂടിയാലോചിച്ച നിശ്ചയിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും യോഗം ചേരേണ്ടതും, യോഗം ചേരുന്ന വിവരം ഒരു പൊതുനോട്ടീസ് മുഖേന ഗ്രാമസഭയുടെ കൺവീനർ ഗ്രാമസഭാംഗങ്ങളെ അറിയിക്കേണ്ടതും അങ്ങനെയുള്ള യോഗങ്ങളിൽ ഗ്രാമസഭ ഉൾക്കൊള്ളുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും നിയമസഭാംഗത്തെയും നിർബന്ധമായും ഗ്രാമസഭയുടെ കൺവീനർ ക്ഷണിക്കേണ്ടതുമാണ്. എന്നാൽ, ഏതെങ്കിലും ഗ്രാമസഭയിലെ പത്ത് ശതമാനത്തിൽ കുറയാതെയുള്ള അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിൽ ആവശ്യത്തോടൊപ്പം നൽകിയിട്ടുള്ള കാര്യപരിപാടിയോടു കൂടി ഗ്രാമസഭയുടെ ഒരു പ്രത്യേക യോഗം കൺവീനർ പതിനഞ്ചു ദിവസത്തിനകം വിളിച്ചുകൂട്ടേണ്ടതാണ്: എന്നിരുന്നാലും അപ്രകാരമുള്ള പ്രത്യേകയോഗം വിളിച്ചുകൂട്ടുന്നത് രണ്ട് സാധാരണയോഗങ്ങൾക്കിടയിലുള്ള കാലയളവിൽ ഒരിക്കൽ മാത്രം ആയിരിക്കേണ്ടതാണ്;
(4) ഒരു ഗ്രാമത്തിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗ്രാമ പഞ്ചായത്തംഗം ആ ഗ്രാമസഭയുടെ കൺവീനറായിരിക്കുന്നതും, എന്നാൽ ഏതെങ്കിലും കാരണവശാൽ കൺവീനർക്ക് തന്റെ കടമകൾ നിർവ്വഹിക്കുന്നതിന് ശാരീരികമായോ, മറ്റ് തരത്തിലോ സാധിക്കാതെ വന്നാൽ, പ്രസിഡന്റിന് തൊട്ടടുത്തുള്ള ഏതെങ്കിലും നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗത്തെ കൺവീനറായി നിയമിക്കാവുന്നതുമാണ്.
(5) ഗ്രാമസഭയുടെ ഏതൊരു യോഗത്തിലും ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റോ അഥവാ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, അല്ലെങ്കിൽ അവരുടെ രണ്ടു പേരുടേയും അസാന്നിദ്ധ്യത്തിൽ ഗ്രാമസഭയുടെ കൺവീനറോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
(6) ആ നിയോജകമണ്ഡലത്തെ സംബന്ധിച്ച മുൻവർഷത്തെ വികസനപരിപാടികളെയും നടപ്പുവർഷത്തിൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളെയും അതിനുവേണ്ടിവരുന്ന ചെലവിനേയും സംബന്ധിച്ച ഒരു റിപ്പോർട്ടും മുൻവർഷത്തെ വാർഷിക കണക്കുകളുടെ ഒരു സ്റ്റേറ്റുമെന്റും ഭരണനിർവ്വഹണത്തിന്റെ ഒരു റിപ്പോർട്ടും ഒരു വർഷത്തിലെ ആദ്യയോഗത്തിൽ ഗ്രാമസഭ മുൻപാകെ ഗ്രാമപഞ്ചായത്ത് വയ്ക്കക്കേണ്ടതാണ്. ഗ്രാമസഭയുടെ ഏതെങ്കിലും തീരുമാനം ഏതെങ്കിലും സാഹചര്യത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, അദ്ധ്യക്ഷൻ അതിനുള്ള കാരണം ഗ്രാമസഭയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
(7) ഗ്രാമസഭയുടെ ശുപാർശകളോ നിർദ്ദേശങ്ങളോ എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക് ഗ്രാമ പഞ്ചായത്തുകളും ബ്ലോക്കു പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും അർഹമായ പരിഗണന നൽകേണ്ടതാണ്.
വകുപ്പ് 3എ – ഗ്രാമസഭയുടെ അധികാരങ്ങളും ചുമതലകളും അവകാശങ്ങളും (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )
(1) ഗ്രാമസഭ, നിർണ്ണയിക്കപ്പെടുന്ന രീതിയിലും അങ്ങനെയുള്ള നടപടിക്രമങ്ങൾക്കും വിധേയമായി താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും നിർവ്വഹിക്കേണ്ടതാണ്,
അതായത്:-
(എ) പഞ്ചായത്തിന്റെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും സഹായിക്കുക;
(ബി) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടേയും വികസന പരിപാടികളുടേയും നിർദ്ദേശങ്ങൾക്ക് രൂപം നൽകുകയും മുൻഗണന നിർദ്ദേശിക്കുകയും ചെയ്യുക;
(സി) ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളെ സംബന്ധിച്ച്, നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡമനുസരിച്ച്, മുൻഗണനാക്രമത്തിൽ, അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് നൽകുക;
(ഡി) പ്രാദേശികമായി ആവശ്യമായ സൗകര്യങ്ങൾ നൽകിക്കൊണ്ട് വികസന പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് സഹായങ്ങൾ ചെയ്തതുകൊടുക്കുക;
(ഇ) വികസന പദ്ധതികൾക്ക് ആവശ്യമായ സന്നദ്ധ സേവനവും പണമായോ സാധനമായോ ഉള്ള സഹായങ്ങളും നൽകുകയും സമാഹരിക്കുകയും ചെയ്യുക;
(എഫ്) തെരുവു വിളക്കുകൾ, തെരുവിലേയോ അല്ലെങ്കിൽ പൊതുവായതോ ആയ വാട്ടർ ടാപ്പുകൾ, പൊതു കിണറുകൾ, പൊതു സാനിറ്റേഷൻ യൂണിറ്റുകൾ, ജലസേചന സൗകര്യങ്ങൾ മറ്റ പൊതു ആവശ്യ പദ്ധതികൾ ഇവ എവിടെ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുക;
(ജി) ശുചിത്വം, പരിസ്ഥിതി സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ പൊതു താല്പര്യമുള്ള സംഗതികളെ സംബന്ധിച്ച അറിവ് പകരുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുകയും അഴിമതി, വ്യാജവും കൃത്രിമവുമായ ഇടപാടുകൾ തുടങ്ങിയ സാമൂഹിക തിൻമകൾക്കെതിരെ സംരക്ഷണം നൽകുകയും ചെയ്യുക;
(എച്ച്) ഗ്രാമസഭയുടെ പ്രദേശത്ത് വിവിധ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ സൗഹാർദ്ദവും ഐക്യവും വളർത്തുകയും ആ പ്രദേശത്തെ ആളുകളിൽ സൻമനോഭാവം വളർത്തുന്നതിനായി കലാകായിക മേളകൾ സംഘടിപ്പിക്കുകയും ചെയ്യുക;
(ഐ) ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക;
(ജെ) സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ, സബ്സിഡി എന്നിവ പോലുള്ള വിവിധ തരം ക്ഷേമസഹായങ്ങൾ ലഭിക്കുന്ന ആളുകളുടെ അർഹത പരിശോധിക്കുക;
(കെ) ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളെ സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റുകളുടെ വിവരങ്ങൾ ശേഖരിക്കുക;
(എൽ) അടുത്ത മൂന്നുമാസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുഷ്ഠിക്കേണ്ട സേവനങ്ങളും ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും സംബന്ധിച്ച വിവരം ലഭ്യമാക്കുക;
(എം) ഗ്രാമസഭയുടെ പ്രദേശത്തെ സംബന്ധിച്ച പഞ്ചായത്ത് എടുത്തിട്ടുള്ള ഓരോ തീരുമാനത്തിന്റെയും യുക്തി അറിയുക;
(എൻ) ഗ്രാമസഭയുടെ തീരുമാനങ്ങൾ സംബന്ധിച്ച് എടുത്തിട്ടുള്ള തുടർ നടപടികളെക്കുറിച്ചും ഏതെങ്കിലും തീരുമാനം നടപ്പിലാക്കിയിട്ടില്ലായെങ്കിൽ അതിനുള്ള വിശദമായ കാരണങ്ങളെക്കുറിച്ചും അറിയുക;
(ഒ) ശുചീകരണ പ്രക്രിയകളിൽ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുമായി സഹകരിക്കുകയും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിന് സന്നദ്ധ സേവനം നൽകുകയും ചെയ്യുക;
(പി) ഗ്രാമസഭയുടെ പ്രദേശത്തെ ശുദ്ധജലവിതരണം, തെരുവു വിളക്ക് കത്തിക്കൽ എന്നീ സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടുപിടിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക;
(ക്യൂ) ഗ്രാമസഭയുടെ പ്രദേശത്തെ സ്കൂളുകളിലെ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക;
(ആർ) ഗ്രാമസഭയുടെ പ്രദേശത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച രോഗപ്രതിരോധത്തിലും കുടുംബക്ഷേമ പ്രവർത്തനങ്ങളിലും സഹായിക്കുക;
(എസ്) കാലാകാലങ്ങളിൽ നിർണ്ണയിക്കപ്പെടാവുന്ന മറ്റു ചുമതലകൾ നിർവ്വഹിക്കുക.
(2) ഗ്രാമസഭ, അതിന്റെ സാധാരണ യോഗത്തിലോ അല്ലെങ്കിൽ ഈ ആവശ്യത്തിനുവേണ്ടി വിളിച്ചുകൂട്ടുന്ന പ്രത്യേക യോഗത്തിലോ വച്ച് 3-ാം വകുപ്പ് (6-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള റിപ്പോർട്ട് ചർച്ച ചെയ്യേണ്ടതും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയെക്കുറിച്ചും പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും ഇനം തിരിച്ചുള്ള ഫണ്ടിന്റെ വിഹിതത്തെക്കുറിച്ചും ഗ്രാമസഭയുടെ പ്രദേശത്ത് നടപ്പിലാക്കിയതോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പണികളുടെ എസ്റ്റിമേറ്റിന്റെയും അതിന്റെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശങ്ങളെ കുറിച്ചും അറിയാൻ ഗ്രാമസഭക്ക് അവകാശമുണ്ടായിരിക്കുന്നതുമാണ്.
(3) ഗ്രാമസഭയുടെ പരിഗണനയ്ക്കു വരുന്ന ആഡിറ്റ് റിപ്പോർട്ടിനെക്കുറിച്ചോ പെർഫോമൻസ് ആഡിറ്റ് റിപ്പോർട്ടിനെക്കുറിച്ചോ യോഗത്തിൽ ചർച്ച ചെയ്യേണ്ടതും അതിന്റെ അഭിപ്രായങ്ങളും ശുപാർശകളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതുമാണ്.
(4) ഗ്രാമസഭയുടെ ക്വോറം പ്രസ്തുത പ്രദേശത്തെ സമ്മതിദായകരുടെ എണ്ണത്തിന്റെ പത്തു ശതമാനം ആയിരിക്കുന്നതും ഗ്രാമസഭയുടെ യോഗങ്ങൾ വിളിച്ചുകൂട്ടുന്നതും നടത്തുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ നിർണ്ണയിക്കപ്പെടുന്ന പ്രകാരം ആയിരിക്കുന്നതുമാണ്: എന്നാൽ കോറം തികയാതെ മാറ്റിവയ്ക്കുന്ന ഗ്രാമസഭയുടെ ഒരു യോഗം വീണ്ടും കൂടുമ്പോൾ അപ്രകാരമുള്ള യോഗത്തിന്റെ കോറം അൻപത് ആയിരിക്കുന്നതാണ്.
(5) പ്രസിഡന്റ് ആവശ്യപ്പെടുന്നതനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാർ ഗ്രാമസഭയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതും, ഗ്രാമസഭയുടെ കോ-ഓർഡിനേറ്ററായി ഗ്രാമപഞ്ചായത്ത് നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ യോഗങ്ങൾ വിളിച്ചുകൂട്ടുന്നതിനും അവയുടെ നടത്തിപ്പിനും തീരുമാനങ്ങൾ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുന്നതിനും തുടർനടപടികളെടുക്കുന്നതിനും കൺവീനറെ സഹായിക്കേണ്ടതുമാണ്
(6) ഗ്രാമസഭയ്ക്ക് ഏതെങ്കിലും പ്രശ്നങ്ങളേയും പരിപാടികളേയും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും പദ്ധതികളുടെയും അതിന്റെ തീരുമാനങ്ങളുടെയും ഫലപ്രദമായ നടപ്പിലാക്കലിനും അതിന്റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അഭിവൃദ്ധിപ്പെടുത്തുന്നതിനും പൊതുവായതോ പ്രത്യേകമായതോ ആയ, സബ് കമ്മിറ്റികളെ നിയമിക്കുകയോ തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ രൂപീകരിക്കുകയോ ചെയ്യാവുന്നതാണ്: എന്നാൽ, അങ്ങനെയുള്ള കമ്മിറ്റികളിൽ പത്തിൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതും അവരിൽ പകുതിയിൽ കുറയാത്ത അംഗങ്ങൾ സ്ത്രീകളായിരിക്കേണ്ടതുമാണ്.
(7) ഗ്രാമസഭയുടെ അധികാരപരിധിയിൽപ്പെട്ട ഏതു പ്രശ്നത്തെക്കുറിച്ചും അതിന്റെ യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസ്സാക്കാവുന്നതും എന്നാൽ, കഴിയുന്നിടത്തോളം പൊതുസമ്മതത്തോടു കൂടിയ തീരുമാനം എടുക്കാൻ ശ്രമിക്കേണ്ടതുമാണ്.
(8) ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പ്ലാനോ പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ അതിനുള്ള അർഹതയുടേയും മുൻഗണനാക്രമത്തിന്റെയും മാനദണ്ഡം, പദ്ധതിയിലോ പ്രോജക്ടിലോ പ്ലാനിലോ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി പഞ്ചായത്തുകൾ നിശ്ചയിക്കേണ്ടതും, അങ്ങനെയുള്ള മാനദണ്ഡങ്ങൾ നിർണ്ണയിക്കപ്പെട്ട പ്രകാരം പരസ്യപ്പെടുത്തേണ്ടതും ഗ്രാമസഭകളെ അറിയിക്കേണ്ടതുമാണ്.
(9) ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുകയും ലഭിക്കുന്ന അപേക്ഷകളിൻമേൽ അന്വേഷണം നടത്തുകയും ചെയ്തശേഷം ഗ്രാമപഞ്ചായത്ത് തയ്യാറാക്കി നല്കുന്ന അതതു ഗ്രാമസഭാ പ്രദേശത്തുള്ള അപേക്ഷകരുടെ കരട് മുൻഗണനാ ലിസ്റ്റ് അപേക്ഷകരെ കൂടി ക്ഷണിച്ചുകൊണ്ടുള്ള യോഗത്തിൽവച്ച് ഗ്രാമസഭ സൂക്ഷ്മപരിശോധന നടത്തേണ്ടതും, മുൻഗണനാ ക്രമത്തിൽ, അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരത്തിന് അയയ്ക്കേണ്ടതുമാണ്: എന്നാൽ, ഗ്രാമസഭ അംഗീകാരത്തിന് അയയ്ക്കുന്ന ലിസ്റ്റിലെ മുൻഗണനാ ക്രമത്തിന് ഗ്രാമ പഞ്ചായത്ത് മാറ്റം വരുത്തുവാൻ പാടില്ലാത്തതാണ്.
വകുപ്പ് 3 ബി – ഗ്രാമസഭയുടെ ഉത്തരവാദിത്തങ്ങൾ (1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് )
(1) ഗ്രാമസഭയ്ക്ക് താഴെ പറയുന്ന ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കുന്നതാണ്,
അതായത്:-
(i) വികസനവും ക്ഷേമവും സംബന്ധിച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുക;
(ii) ആരോഗ്യവും സാക്ഷരതയും സംബന്ധിച്ചതും അതുപോലുള്ള വികസനപരമായ മറ്റ് സമയബന്ധിത പരിപാടികളിലും പങ്കെടുക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്യുക;
(iii) അവശ്യ സാമൂഹിക-സാമ്പത്തിക അടിസ്ഥാന രേഖകൾ ശേഖരിക്കുക;
(iv) വികസന പ്രവർത്തനങ്ങളുടെ പുരോഗതിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നൽകുക;
(v) നികുതികൾ നൽകുന്നതിനും, വായ്പ തിരിച്ചടയ്ക്കുന്നതിനും പരിസ്ഥിതി ശുചീകരണം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനുമായി ധാർമ്മികമായ മാർഗ്ഗങ്ങൾ അവലംബിക്കുക;
(vi) പഞ്ചായത്തിന്റെ ധനാഗമ മാർഗ്ഗങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി വിഭവ സമാഹരണം നടത്തുക;
(vii) സന്നദ്ധസംഘങ്ങളെന്ന നിലയിൽ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക;
(viii) സാംക്രമിക രോഗങ്ങൾ, പ്രകൃതിക്ഷോഭദുരന്തങ്ങൾ മുതലായവ ഉണ്ടായാൽ പെട്ടെന്ന് വിവരം നൽകുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക;
(2) ഗ്രാമസഭ 3എ വകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള സംഗതികളെ സംബന്ധിച്ച കാലാകാലമുള്ള റിപ്പോർട്ടുകൾ ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.
2026 ല്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി മാസം ചേര്‍ന്ന ഗ്രാമസഭയുടെ അറിയിപ്പ് നല്‍കിയത് സംബന്ധിച്ച നോട്ടീസ് ചേര്‍ത്തിരിക്കുന്നത് കാണുക, എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഗ്രാമസഭകള്‍ക്ക് അറിയിപ്പ് നല്‍കുകയും വാര്‍ഡിലെ പൊതുജനങ്ങളുടെ സൌകര്യാര്‍ത്ഥം നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും ഗ്രാമസഭ യോഗങ്ങള്‍ കൂടുന്നതാണ്.